എതിര്‍ക്കുന്നവര്‍ കലര്‍ത്തുന്നത് ലഹരിയേക്കാള്‍ മാരകവിഷമെന്ന് മന്ത്രി ശിവന്‍കുട്ടി
കോഴിക്കോട്: സ്കൂളുകളില്‍ പുതുതായി ആവിഷ്കരിച്ചു നടപ്പാക്കിയ സൂംബ നൃത്തത്തെ എതിര്‍ക്കുന്നവര്‍ ലഹരിയേക്കാള്‍ വലിയ മാരകവിഷമാണ് സമൂഹത്തില്‍ കലര്‍ത്തുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും പിന്മാറുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വാര്‍ത്താസേമ്മളനത്തില്‍ വ്യക്തമാക്കി.
സൂംബ, എയ്റോബിക്സ്, യോഗ തുടങ്ങിയ കായികവിനോദങ്ങള്‍ നടപ്പാക്കുന്നത് ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായാണ്. എതിര്‍പ്പുകള്‍ വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനു പകരം വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും വളംവയ്ക്കുന്നതായി മാറും. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന കായികമത്സരങ്ങളില്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കായികതാരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഫുട്ബോള്‍, വോളിബോള്‍, സ്വിമ്മിംഗ് തുടങ്ങിയ കായിക ഇനങ്ങള്‍ക്ക് വ്യക്തമായ ഡ്രെസ് കോഡ് നിലവിലുണ്ട്. ഇതു പാലിച്ചുകൊണ്ട് തന്നെയാണ് എല്ലാ കായികതാരങ്ങളും മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. സ്കൂളില്‍ നടത്തുന്നത് ലഘുവ്യായാമമാണ്. കുട്ടികള്‍ യൂണിഫോമില്‍ ആണ് ചെയ്യുന്നത്. ആര്‍ടിഇ പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകള്‍ക്ക് കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതില്‍ ചോയ്സ് ഇല്ല. കോണ്ടക്ട് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അധ്യാപകന് ബാധ്യത ഉണ്ട്. ആരും കുട്ടികളോട് അല്പവസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരേ പ്രതിഷേധങ്ങളും അടിച്ചമര്‍ത്തലുകളും ഉണ്ടായപ്പോള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഉന്നതമായ ജനാധിപത്യ സാംസ്കാരിക നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, ഇവിടെ ചില പ്രസ്ഥാനങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് ആടിനെ പട്ടിയാക്കുന്നതിനു തുല്യമാണ്. കേരളം പോലെ ഒരുമയോടെ ജീവിക്കുന്ന സമൂഹത്തില്‍ ഇത്തരത്തിലുള്ള നിലപാടുകള്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് മാത്രമേ ഉത്തേജനം നല്‍കൂ.കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും പോസിറ്റീവ് ചിന്തയും വളര്‍ത്താന്‍ സഹായിക്കും. കായിക വിദ്യാഭ്യാസത്തിലൂടെ ആരോഗ്യ പരിപാലനം എന്ന ബൃഹത്തായ കാഴ്ചപ്പാടാണ് പാഠ്യപദ്ധതി പരിഷ്കരിച്ചതിലൂടെ ലക്ഷ്യമിടുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുള്ള ടൈംടേബിള്‍ പ്രകാരമാണ് ആരോഗ്യ കായിക വിദ്യാഭ്യാസ വിനിമയവും ഫലപ്രദമായി നടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മതസംഘടനകൾ പൊതുവിദ്യാഭ്യാസ കാര്യങ്ങളിൽ
ആജ്ഞാപിക്കരുത്: എം.എ. ബേബി
കോഴിക്കോട്: മതസംഘടനകൾക്ക് സമൂഹത്തിലെ കാര്യങ്ങളിലും വിദ്യാഭ്യാസ കാര്യങ്ങളിലും അഭിപ്രായം പറയാൻ അവകാശമുണ്ടെങ്കിലും ആജ്ഞാപിക്കാൻ പുറപ്പെടരുതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
ഈ സമൂഹത്തിൽ എല്ലാവരും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല എന്നു പറയുന്നത് ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സൂംബ അടിച്ചേല്‍പ്പിക്കരുതെന്ന്
വി.ഡി. സതീശന്
കൊച്ചി: സ്കൂളുകളിലെ സൂംബ പരിശീലനം അടിച്ചേല്‍പ്പിക്കരുതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. സൂംബയ്ക്ക് താന്‍ എതിരല്ല. ആരെങ്കിലും പരാതി പറഞ്ഞാല്‍ അവരുമായി ചര്‍ച്ച ചെയ്തു ബുദ്ധിപൂര്‍വമായി വിഷയം കൈകര്യം ചെയ്യണം. ഇതു വിവാദമാക്കേണ്ട കാര്യമില്ല. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയുള്ള സംസ്ഥാനമായി കേരളം മാറുകയാണ്. വിഷയത്തില്‍ പരാതിക്കാരുമായി സര്‍ക്കാര്‍ സംസാരിച്ച് പരിഹാരമുണ്ടാക്കുകയാണു വേണ്ടതെന്നും സതീശന് കൊച്ചിയില്‍ പറഞ്ഞു.
മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍നിന്ന് എടുത്തുനീക്കണമെന്ന് ആവശ്യപ്പെടുന്ന ആര്‍എസ്എസ് നേതാക്കന്മാരുടെ ശ്രമത്തിനെതിരായി യുഡിഎഫ് കാമ്പയിന് നടത്തും. ഭരണഘടനയുടെ പവിത്രതയും മൂല്യവും നഷ്ടപ്പെടുത്താനും ഇന്ത്യയെ മറ്റൊരു മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കും. ഭരണഘടനയുടെ അന്തഃസത്തയാണു മതേതരത്വവും സോഷിലിസവും. ഇതു രണ്ടും മാറ്റിയാല്‍ ഭരണഘടന മരിച്ചു എന്നാണ് അര്‍ഥം. -സതീശൻ ചൂണ്ടിക്കാട്ടി.
സുരേഷ് ഗോപി നായകനായ ചിത്രത്തിന്റെ പേരു മാറ്റാന്‍ ആവശ്യപ്പെട്ട സംഭവം ഗൗരവതരമാണ്. ഇങ്ങനെ പോയാല്‍ മലയാളി ഏറെ ഇഷ്ടപ്പെട്ട മംഗലശേരി നീലകണ്ഠന് എന്ന കഥാപാത്രത്തിന്റെ പേരു മാറ്റാന്‍ ഇനി ആവശ്യപ്പെടുമോ. ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ എത്ര അധഃപതിച്ചുവെന്നതിന്റെ തെളിവാണിത്. സുരേഷ് ഗോപി കലാകാരനെന്ന നിലയിലാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്. സിനിമയിലടക്കം എല്ലായിടത്തും അധികാരരാഷ്ട്രീയം കൈ കടത്തുകയണ്. വൈകാതെ നോവലുകളിലും ഇത്തരം പേരുകള്‍ ഇടാന്‍ പറ്റാത്ത അവസ്ഥ വരുമല്ലോയെന്നും സതീശന് പറഞ്ഞു.